Cricket

ഞങ്ങളുടെ വിജയങ്ങളുടെ ക്രെഡിറ്റ് നല്‍കേണ്ടത് ഗംഭീറിനും ശ്രേയസിനുമല്ല!! അയാളാണ് എല്ലാത്തിനും കാരണമെന്ന് വരുണ്‍ ചക്രവര്‍ത്തി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ആധികാരികമായി ആയിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിരീടം ചൂടല്‍.

ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഏകപക്ഷീയമായ ഫൈനല്‍ എന്ന് വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ല. കൊല്‍ക്കത്തയുടെ കിരീടനേട്ടത്തില്‍ മിക്കവരും ക്രെഡിറ്റ് നല്‍കുന്നത് ടീമിന്റെ ഉപദേശകന്‍ ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കുമാണ്

എന്നാല്‍ ടീമിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി മറ്റൊരാള്‍ക്കാണ് വിജയത്തിന്റെ ക്രെഡിറ്റ് നല്‍കിയത്.

നൈറ്റ് റൈഡേഴ്‌സിന്റെ മൂന്നാം കിരീടം സംഭാവന ചെയ്തതിന് അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെയാണ് അദ്ദേഹം പ്രശംസിച്ചത്.

വരുണ്‍ ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ…”എനിക്ക് അഭിഷേക് നായരെ അഭിനന്ദിക്കാന്‍ താത്പര്യമുണ്ട്. ഞങ്ങളുടെ മൂന്നാം കിരീട നേട്ടത്തിനു പിന്നിലെ പ്രധാന വ്യക്തി അദ്ദേഹമാണ്. സീസണിലുടനീളം അഭിഷേക് കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

തിരശ്ശീലയ്ക്ക് പിന്നിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ക്രെഡിറ്റ് ലഭിക്കുന്നില്ല, പക്ഷേ ആരും തിരിച്ചറിയാത്ത താരങ്ങളെക്കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണ് ”ഫൈനലിനു ശേഷം ചക്രവര്‍ത്തി പറഞ്ഞു.

ഫൈനലിലെ ഹീറോയായ വെങ്കിടേഷ് അയ്യരും ചക്രവര്‍ത്തിയുടെ വാക്കുകളോടു യോജിച്ചു.” മത്സരത്തിന്റെ ദിവസങ്ങളില്‍ അഭിഷേക് നായര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കൊല്‍ക്കത്തയെ സംബന്ധിച്ച് ഇന്ത്യന്‍ താരങ്ങളുടെ മികച്ച സ്‌കൗട്ട് ഉണ്ടാക്കുന്നതില്‍ അഭിഷേക് വലിയ രീതിയിലാണ് പങ്ക് വഹിച്ചത്.” വെങ്കിടേഷ് പറഞ്ഞു.

വന്‍ പ്രതീക്ഷകളുയര്‍ത്തി വന്ന ഹൈദരാബാദ് കൊല്‍ക്കത്തയുമായുള്ള തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. പല പല റെക്കോഡുകളും സീസണില്‍ തിരുത്തിക്കുറിച്ചിട്ടും അതൊക്കെ വെറും പ്രഹസനമായിരുന്നുവെന്ന് തോന്നിപ്പിക്കുന്നതായിരുന്നു അവരുടെ ഫൈനലിലെ പ്രകടനം.

രണ്ടു കളികളിലും അവരുടെ പവര്‍ ഹൗസായ അഭിഷേക് ശര്‍മ-ട്രവിസ് ഹെഡ് ഓപ്പണിംഗ് സഖ്യത്തെ മുളയിലേ നുള്ളിയാണ് കൊല്‍ക്കത്ത കളംവാണത്. രണ്ടു കളികളിലും ഉജ്ജ്വല ബൗളിംഗ് പുറത്തെടുത്ത മിച്ചല്‍സ്റ്റാര്‍ക്ക് 24.75 കോടിയ്ക്ക് മൂല്യമുണ്ടെന്ന് തെളിയിക്കുകയും ചെയ്തു.

Related Articles

Back to top button