Cricket

ആരോണ്‍ ജോണ്‍സ് ചുഴലിക്കാറ്റായപ്പോള്‍ തകര്‍ന്നടിഞ്ഞത് യുവരാജിന്റെ റെക്കോഡ് !! ഇതു പോലൊരു ഇന്നിംഗ്‌സ് ഇതാദ്യം

ട്വന്റി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കാനഡയ്‌ക്കെതിരേ തകര്‍പ്പന്‍ ജയമാണ് ആതിഥേയരായ അമേരിക്ക സ്വന്തമാക്കിയത്.

ഗ്രാന്‍ഡ് പ്രെയറി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് അമേരിക്കന്‍ പട ജയിച്ചു കയറിയത്. ടോസ് നേടിയ യുഎസ്എ കാനഡയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് കാനഡ അടിച്ചു കൂട്ടിയത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അമേരിക്ക വെറും 17.4 ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

40 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടിയ ആരോണ്‍ ജോണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് അമേരിക്ക ജയിച്ചു കയറിയത്. നാല് ഫോറുകളും പത്ത് കൂറ്റന്‍ സിക്‌സുകളുമാണ് ജോണ്‍സിന്റെ ബാറ്റില്‍ നിന്നും പറന്നത്.

ഇതിന് പിന്നാലെ ഒരു റെക്കോഡും ജോണ്‍സ് സ്വന്തമാക്കി. ട്വന്റി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ കുറഞ്ഞത് 30 പന്തുകള്‍ നേരിട്ട താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റ് ഉള്ള താരമായാണ് ജോണ്‍സ് മാറിയിരിക്കുന്നത്. 235.00 പ്രഹരശേഷിയിലാണ് അമേരിക്കന്‍ താരം ബാറ്റ് വീശിയത്.

2007 ആദ്യ ട്വന്റി20 ലോകകപ്പില്‍ യുവരാജ് സിംഗ് ഓസ്‌ട്രേലിയയ്‌ക്കെതിരേ 30 പന്തില്‍ 70 റണ്‍സ് നേടിയ പ്രകടനമാണ് ഇതോടെ രണ്ടാമതായത്. അന്ന് 233.33 ആയിരുന്നു യുവരാജിന്റെ സ്‌ട്രൈക്ക് റേറ്റ്. എബി ഡിവില്ലിയേഴ്‌സ്(232.35), കര്‍ട്ടിസ് കാംഫര്‍(225) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

46 പന്തില്‍ 65 റണ്‍സ് നേടിയ ആന്‍ഡ്രിയാസ് ഗൗസും വിജയത്തില്‍ നിര്‍ണായകമായി. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം നേടിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത കാനഡക്കായി നവനീത് ദലിവാള്‍ 44 പന്തില്‍ 61 റണ്‍സും നിക്കോളാസ് കിര്‍ട്ടന്‍ 31 പന്തില്‍ 51 റണ്‍സും നേടി. 16 പന്തില്‍ പുറത്താവാതെ 32 റണ്‍സ് നേടിയ ശ്രേയസ് മോവയും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

ജനുവരി ആറിന് പാകിസ്ഥാനെതിരെയാണ് അമേരിക്കയുടെ അടുത്ത മത്സരം. ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയമാണ് വേദി. 12ന് ഇന്ത്യയെയും 14ന് അയര്‍ലന്‍ഡിനെയും അവര്‍ നേരിടും.

Related Articles

Back to top button