Cricket

ഗംഭീര്‍ ഇന്ത്യന്‍ കോച്ചായാല്‍ ശരിയാവില്ല !! അദ്ദേഹം കടുപ്പക്കാരനായ പിതാവിനെപ്പോലെയെന്ന് മുന്‍ താരം

ട്വന്റി20 ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ പരിശീലകനെ തിരയുകയാണ് ബിസിസിഐ.

ദ്രാവിഡിന്റെ പിന്‍ഗാമിയായി പല പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ്, ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നീ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം ആരാധകര്‍ പറയുന്നത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ പേരാണ്.

ഇതിടയില്‍ ബിസിസിഐയും ഗംഭീറിനെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ഗൗതം ഗംഭീര്‍ കര്‍ക്കശക്കാരനായ അച്ഛനെപ്പോലെയാണെന്നും നിരവധി സീനിയര്‍ താരങ്ങളുള്ള ഇന്ത്യന്‍ ടീമിന് ഈ ശൈലി യോജിക്കില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

ഇന്ത്യന്‍ കോച്ചാവാന്‍ ഗൗതം ഗംഭീര്‍ എന്തുകൊണ്ടും യോഗ്യനാണ്. കാരണം, ഗംഭീര്‍ ഒരു തുറന്ന പ്രകൃതക്കാരനാണ്. ഒരു ടീമിനെ എങ്ങനെ കെട്ടിപ്പടുക്കണമെന്നും എങ്ങനെ നന്നായി കൊണ്ടുപോകണമെന്നും അദ്ദേഹത്തിന് നന്നായി അറിയാം.

അതുകൊണ്ടുതന്നെ അദ്ദേഹം ഇന്ത്യന്‍ കോച്ചാവാന്‍ യോജിച്ച ആളുമാണ്. ഇന്ത്യന്‍ ടീമില്‍ ഒരു വല്യേട്ടനെപ്പോലെ താരങ്ങളുടെ തോളില്‍ കൈയിട്ട് കാര്യങ്ങള്‍ നടപ്പാക്കാന്‍ ഗംഭീറിനാവും.

പക്ഷെ നിരവധി സീനിയര്‍ താരങ്ങളുള്ള ടീമില്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കോച്ച് ശ്രമിക്കരുത്. ഗംഭീര്‍ കോച്ചായാല്‍ അതാകും സംഭവിക്കുക. ഞാന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ പെരുവഴിയെന്ന രീതിയാണ് അദ്ദേഹത്തിനുള്ളത്.

നിരവധി സീനിയര്‍ താരങ്ങളുള്ള ഒരു ടീമില്‍ ഗംഭീറിന്റെ പദ്ധതികള്‍ നടപ്പാകാന്‍ ഇടയില്ലെന്നും ചോപ്ര വ്യക്തമാക്കി.

ഐപിഎല്ലില്‍ ലഖ്‌നൗ ടീമിന്റെ മെന്ററായിരുന്ന ഗംഭീറിനെ ഈ സീസണില്‍ ഷാരൂഖ് ഖാന്‍ കൊല്‍ക്കത്തയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.

സീസണില്‍ കൊല്‍ക്കത്തയെ ഒന്നാം സ്ഥാനത്തെത്തിച്ചത് ഗംഭീറിന്റെ മികവായതാണ് വിലയിരുത്തപ്പെടുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കൊല്‍ക്കത്തക്ക് രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനാവാനായി ബിസിസിഐ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച് ഗംഭീറോ ബിസിസിഐയോ ഇതുവരെ ഒരു ഔദ്യോഗിക പ്രതികരണവും നടത്തിയിട്ടില്ല. ഈ മാസം 27 ആണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.

Related Articles

Back to top button