Cricket

ഇന്ന് കളത്തിലിറങ്ങിയാല്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ റെക്കോഡ് !! അത് സംഭവിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

ഒരു മാസം നീണ്ടു നിന്ന ട്വന്റി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ അന്ത്യമാവും.

കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മാറ്റുരയ്ക്കുക. മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക.

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങുമോ എന്ന് പരസ്പരം ചോദിക്കുകയാണ് മലയാളി ആരാധകര്‍.

ബംഗ്ലാദേശിനോടുള്ള സൗഹൃദ മത്സരത്തില്‍ മാത്രമായിരുന്നു സഞ്ജുവിന് ഇറങ്ങാന്‍ സാധിച്ചത്. എന്നാല്‍ മത്സരത്തില്‍ ഒരു റണ്‍സിന് പുറത്തായ താരത്തിന് പിന്നീട് അവസരങ്ങള്‍ ലഭിച്ചതുമില്ല.

നിലവില്‍ മിഡില്‍ ഓര്‍ഡറില്‍ മോശം ഫോമില്‍ കളിക്കുന്ന ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യമാണ് ഈ അവസരത്തില്‍ ഉയരുന്നത്.

ജൂണ്‍ 27ന് നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ എത്തിയ ശിവം ദുബെ ക്രിസ് ജോര്‍ദാന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു.

പിച്ചിനെ മനസ്സിലാക്കി കളിക്കാന്‍ ഇതുവരെ സാധിക്കാഞ്ഞ ദുബെയെ ഒരിക്കല്‍ കൂടി പരീക്ഷിക്കുമോയെന്ന ആശങ്കയും പലര്‍ക്കുമുണ്ട്.

ഫൈനലില്‍ സഞ്ജുവിന് അവസരം ലഭിക്കുകയും താരം മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും കൂടി ചെയ്താല്‍ പിന്നെ സഞ്ജുവിന്റെ കരിയറില്‍ തന്നെ അത് വലിയ മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പാണ്.

ദുബെയ്ക്ക് പകരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങിയാല്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് സഞ്ജുവിനെ തേടിയെത്തുക. രണ്ടു സിക്‌സറുകള്‍ കൂടി നേടിയിലാല്‍ ട്വന്റി20 ക്രിക്കറ്റില്‍ 300 സിക്‌സറുകള്‍ എന്ന നാഴികക്കല്ലിലെത്താന്‍ അദ്ദേഹത്തിനാവും.

നിലവില്‍ 273 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 298 സിക്‌സറുകളാണ് സഞ്ജു പറത്തിയത്. ഇതിനു മുമ്പ് ആറു താരങ്ങള്‍ മാത്രമാണ് ട്വന്റി20യില്‍ 300 സിക്‌സുകള്‍ തികച്ചിട്ടുള്ളത്.

261 ട്വന്റി20 ഇന്നിംഗ്‌സുകളില്‍ നിന്ന് മൂന്ന് സെഞ്ചുറികളും 45 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 6721 റണ്‍സാണ് സഞ്ജുവിന്റെ നേട്ടം.

Related Articles

Back to top button