Cricket

43കാരന്റെ മാജിക്കില്‍ മയങ്ങി വീണ് പാപ്പുവ ന്യൂഗിനി; റെക്കോഡ് പ്രകടനവുമായി ലോകത്തെ വിസ്മയിപ്പിച്ച് ഫ്രാങ്ക് എന്‍സുബുഗ

ഒരു ലോകകപ്പില്‍ കളിക്കാനായി 26 വര്‍ഷം കാത്തിരിക്കുക. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കുക. ഒരു യക്ഷിക്കഥ പോലെയെന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ.

എന്നാല്‍ ആ യക്ഷിക്കഥ യാഥാര്‍ഥ്യമാവുന്ന കാഴ്ചയ്ക്കാണ് ഗയാനയിലെ പ്രൊവിന്‍സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

കഥാനായകന്റെ പേര് ഫ്രാങ്ക് എന്‍സുബുഗ, പ്രായം 43 വയസ്. ഇന്ന് ഗ്രൂപ്പ് സിയില്‍ ഉഗാണ്ടയും പാപ്പുവ ന്യൂഗിനിയും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു പ്രായം വെറും നമ്പറാണെന്നു തെളിയിക്കുന്ന പ്രകടനവുമായി ഈ 43കാരന്‍ കളം വാണത്.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഉഗാണ്ട പാപ്പുവ ന്യൂഗിനിയെ 19.1 ഓവറില്‍ 77ന് പുറത്താക്കിയപ്പോള്‍ പ്രധാന പങ്കുവഹിച്ചത് ഫ്രാങ്ക് എന്‍സുബുഗയായിരുന്നു.

നാലോവറില്‍ രണ്ടു മെയ്ഡന്‍ സഹിതം നാലു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളാണ് എന്‍സുബുഗ വീഴ്ത്തിയത്. നാലോവര്‍ പൂര്‍ത്തിയായ സ്‌പെല്ലുകളില്‍ ലോകകപ്പിലെ ഏറ്റവും മികച്ച എക്കോണമി എന്ന റെക്കോഡാണ് എന്‍സുബുഗ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.


2019ല്‍ ബോട്‌സ്വാനയ്‌ക്കെതിരേ അരങ്ങേറിയ എന്‍സുബുഗ ഉഗാണ്ടയ്ക്കായി ഇതുവരെ 54 മത്സരങ്ങളാണ് കളിച്ചത്. 57 വിക്കറ്റുകളും വീഴ്ത്തി. എന്നാല്‍ എടുത്തു പറയേണ്ടത് 4.72 എന്ന അതിശയകരമായ എക്കോണമി റേറ്റാണ്. ലോകത്തെ കിടയറ്റ ബൗളര്‍മാര്‍ക്കു പോലും അവകാശപ്പെടാനാവാത്ത നേട്ടമാണിത്.

പാപ്പുവ ന്യൂഗിനിയ്‌ക്കെതിരായ മത്സരത്തില്‍ മൂന്നു വിക്കറ്റിന്റെ വിജയമാണ് ഉഗാണ്ട സ്വന്തമാക്കിയത്.മത്സരത്തില്‍ എന്‍സുബുഗയെ കൂടാതെ അല്‍പേഷ് രാം ജാനി, കോസ്‌മോസ് ക്യൂവൂട്ട, ജുമാ മിയാഗി എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.


മറുപടി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ 26ന് അഞ്ച് എന്ന നിലയില്‍ ഉഗാണ്ട തോല്‍വിയെ അഭിമുഖീകരിച്ചെങ്കിലും 33 റണ്‍സ് നേടിയ റിയാസത് അലി ഷായുടെ ഇന്നിംഗ്‌സ് അവരെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. ജുമാ മിയാഗി(13)യും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു ടീം സ്‌കോര്‍ 61ല്‍ വച്ച് മിയാഗിയും 75ല്‍ വച്ച് റിയാസത്തും പുറത്തായെങ്കിലും കെന്നത്ത് വൈസ്വ(7), ബ്രയാന്‍ മസാബ(0) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 18.2 ഓവറില്‍ ഉഗാണ്ടയെ ലക്ഷ്യത്തിലെത്തിച്ചു.

ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോടു പൊരുതിത്തോറ്റ പാപ്പുവ ന്യൂഗിനി ഇത്തവണ ഉഗാണ്ടന്‍ ബൗളര്‍മാരുടെ മുമ്പില്‍ തകര്‍ന്നു വീഴുകയായിരുന്നു.

അതേസമയം ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടേറ്റ വമ്പന്‍ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ വിജയത്തോടെ ഉഗാണ്ടയ്ക്ക് കഴിയുകയും ചെയ്തു.

Related Articles

Back to top button